അയോധ്യ ശ്രീരാമജന്മഭൂമി തീർത്ഥക്ഷേത്രത്തിലെ ശ്രീകോവിലിൽ നിന്നു തെളിയിച്ച ശ്രീരാമദീപം ഇപ്പോൾ ഭാരതത്തിന്റെ ആറു സംസ്ഥാനങ്ങളിലൂടെ കേരളത്തിലെ ഓരോ ജില്ലകളിലേക്കും എത്തുന്നു. 2026 ജൂലൈ 17 മുതൽ ഓഗസ്റ്റ് 16 വരെ (കർക്കിടകം 1 മുതൽ 31 വരെ).
2026-ൽ, ശ്രീരാമചന്ദ്രപ്രഭുവിന്റെ ധർമ്മസന്ദേശം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തിക്കുന്നതിനായി, ശ്രീരാമദീപ പ്രയാണം ഒരു മഹത്തായ ആത്മീയ-സാംസ്കാരിക പ്രസ്ഥാനമായി ആവിഷ്കരിച്ചിരിക്കുന്നു. കേരളം മുഴുവനും ഉൾപ്പെടെ 6 സംസ്ഥാനങ്ങളിൽ (ഉത്തർപ്രദേശ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, തെലങ്കാന, കർണാടക, തമിഴ്നാട്, കേരളം) വ്യാപകമായി ഈ പ്രയാണം സംഘടിപ്പിച്ചിരിക്കുകയാണ്.
ഭക്തിയുടെ ശുദ്ധപ്രകാശമായി തെളിയുന്ന ഈ ദീപം, ശ്രീരാമൻ എന്ന ദിവ്യചൈതന്യത്തോടുള്ള നമ്മുടെ ആത്മബന്ധത്തിന്റെ പ്രതീകമാണ്. ഒരു ചെറിയ ദീപം തെളിയുമ്പോൾ അതിന്റെ പ്രകാശം ചുറ്റും പകരുന്നതുപോലെ, ഹൃദയത്തിൽ തെളിയുന്ന ഭക്തി നമ്മുടെ ജീവിതത്തെ ദൈവികതയിലേക്ക് നയിക്കുന്നു. ഈ ദീപം ദർശിക്കുന്നതും, പാദുകാർച്ചന നടത്തുന്നതും, നമുക്കുള്ളിലെ അഹങ്കാരവും അജ്ഞാനവും ദഹിപ്പിച്ച് സമർപ്പണവും ശരണാഗതിയും വളർത്തുന്നു. ഓരോ ദീപവും “ഹേ രാമാ, എന്റെ ഹൃദയം നിന്റെ സന്നിധിയായി മാറട്ടെ” എന്ന പ്രാർത്ഥനയാണ്. ഈ ദീപപ്രയാണം ഭക്തിയുടെ ഒരു മഹായജ്ഞമായി, അനേകം ഹൃദയങ്ങളെ ഒരുമിപ്പിച്ച് ദൈവസാന്നിധ്യം അനുഭവിപ്പിക്കുന്ന ഒരു ദിവ്യ അവസരമായി മാറുന്നു.
ധർമ്മത്തിന്റെ ജീവപ്രതീകമായ ശ്രീരാമൻ മനുഷ്യജീവിതത്തിന് ഒരു ഉത്തമ മാതൃകയാണ്. സത്യവും നീതിയും കരുണയും സമത്വവും അടിസ്ഥാനമാക്കിയ അദ്ദേഹത്തിന്റെ ജീവിതം “രാമരാജ്യം” എന്ന മഹത്തായ ആശയമായി ഭാരതത്തിന്റെ ഹൃദയത്തിൽ ഇന്നും നിലനിൽക്കുന്നു. രാമരാജ്യം എന്നത് ഒരു രാജ്യം മാത്രമല്ല — ധർമ്മം പരിപാലിക്കപ്പെടുന്ന, ജനങ്ങൾ സുരക്ഷിതരായി സന്തോഷത്തോടെ ജീവിക്കുന്ന, ഓരോരുത്തനും തന്റെ കടമ നിർവഹിക്കുന്ന ഒരു സമഗ്ര ജീവിതദർശനമാണ്. അത്തരമൊരു ഭാരതം സൃഷ്ടിക്കുവാൻ, ശ്രീരാമന്റെ ധർമ്മമാർഗം ഓരോ ഹൃദയത്തിലും തെളിയണം.
“ധർമ്മം നിലനിൽക്കുമ്പോൾ മാത്രമേ രാഷ്ട്രം ശക്തമാവൂ” എന്ന സന്ദേശം നമ്മെ ഒരുമിപ്പിച്ച്, രാമരാജ്യത്തിന്റെ സ്വപ്നം സാക്ഷാത്കരിക്കുവാൻ പ്രചോദിപ്പിക്കുന്നു.
അദ്വൈത വേദാന്തത്തിന്റെ മൗലിക സിദ്ധാന്തമായ അജ്ഞാനത്തിന്റെ ഇരുട്ട് നീക്കി ആത്മജ്ഞാനം ഉണർത്തുക എന്നതിനെ അന്വർത്ഥമാക്കിയുള്ള ഒരു ദീപപ്രയാണമാണ് നാം നടത്തുവാൻ തീരുമാനിച്ചിരിക്കുന്നത്. കാരണം, ശ്രീരാമചന്ദ്രപ്രഭു ഇവിടെ ധർമ്മത്തിന്റെ രൂപം മാത്രമല്ല, പരമസത്യത്തിന്റെ പ്രതീകം കൂടിയാണ്. അതായത് “ശ്രീരാമദീപം” എന്നാൽ പരമാത്മാവിന്റെ പ്രകാശം എന്നു നമുക്കു മനസ്സിലാക്കാം.
ഈ “ദീപപ്രയാണം” എന്നത് കേവലം ഒരു യാത്ര മാത്രമല്ല. ഗ്രാമങ്ങളിൽ നിന്ന് ഗ്രാമങ്ങളിലേക്ക് ദീപം കൊണ്ടുപോകുന്നത് ജ്ഞാനം സമൂഹത്തിലേക്ക് വ്യാപിക്കുന്നതിന്റെയും, ഓരോ വീടിലും ദീപം തെളിയിക്കുന്നത് ഓരോ വ്യക്തിയിലും ആത്മജ്ഞാനത്തിന്റെ സന്ദേശം നൽകുന്നതിന്റെയും പ്രതീകമാണ്. ഒരു ദീപത്തിൽ നിന്ന് അനേകായിരം ദീപങ്ങൾ തെളിയുമ്പോൾ ജാതി, മതം, വ്യത്യാസങ്ങൾ മറന്ന് എല്ലാവരും ഒരേ സത്യത്തിന്റെ ഭാഗമാണ് എന്ന സന്ദേശം ശ്രീരാമദീപപ്രയാണം നമുക്കു നൽകുന്നു.
മനുഷ്യജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത ഭക്തിയും ധർമ്മവും ജ്ഞാനവും സമ്മേളിപ്പിച്ചുള്ള ശ്രീരാമദീപ പ്രയാണമാണ് ഈ വർഷം നാം നടത്തുന്നത്.
അയോധ്യ ശ്രീരാമജന്മഭൂമി തീർത്ഥക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ നടന്ന വർഷം മുതൽ, കഴിഞ്ഞ രണ്ട് വർഷങ്ങളിലായി ശ്രീരാമൻ ഭക്തിയുടെ ദീപമായി ഈ മഹാപ്രയാണത്തിലൂടെ അനേകം ഹൃദയങ്ങളിൽ ആത്മീയ ഉണർവ് സൃഷ്ടിച്ചു.
2024-ൽ പാലക്കാട് ജില്ലയിൽ 10 ദിവസവും, അട്ടപ്പാടിയിലും വയനാട്ടിലും ഒരാഴ്ചയിൽ കൂടുതലും ഭക്തിപൂർവ്വം സംഘടിപ്പിച്ച ഈ ദീപപ്രയാണത്തിൽ, ഭക്തജനങ്ങൾ ദീപം വീടുകളിലേക്ക് സ്വീകരിച്ച്, ശ്രീമദ് ചിദാനന്ദപുരി സ്വാമികൾ അനുഗ്രഹിച്ചു നൽകിയ ലഘു ഉപാസനാ പദ്ധതിയായ ശ്രീരാമാഷ്ടോത്തര ജപം കർക്കിടകം മാസം മുഴുവൻ നടത്തി.
2025-ൽ കേരള മാർഗദർശക മണ്ഡലത്തിന്റെ നേതൃത്വത്തിൽ നടന്ന ധർമ്മസന്ദേശ യാത്രയോടൊപ്പം സംയോജിപ്പിച്ച് കൂടുതൽ വിപുലമായി ഈ പ്രയാണം നടന്നു. ശ്രീരാമപാദുകാഭിഷേകം നടത്തിയും, സാധു-സന്തുക്കളുടെ സനാതനധർമ്മ സന്ദേശം നൽകി കൊണ്ടും പാലക്കാട് ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലുമായി 21 ദിവസവും, പത്തനംതിട്ടയും കോട്ടയവും ഉൾപ്പെടെ 10 ദിവസവും ഈ ദിവ്യപ്രവർത്തനം നടന്നു.
ഈ രണ്ട് വർഷങ്ങളിലെ ആത്മീയ ശ്രമങ്ങൾ ഭക്തിയുടെയും ഏകതയുടെയും ശക്തി സമൂഹത്തിനു നൽകി, രാമനാമത്തിന്റെ ദീപം അനേകം കുടുംബങ്ങളിൽ തെളിയിക്കാൻ പ്രചോദനമായി.